Saturday, March 10, 2012

ആരാന്റമ്മക്ക് വയറിളക്കം.. ബ്ലോഗ്ഗര്‍മാര്‍ക്ക് ഹാലിളക്കം..?


                   മുല്ലപെരിയാര്‍ ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും എന്നും പറഞ്ഞു മന്ത്രി സര്‍ അലറി കരഞ്ഞതിന്റെ അലയൊലികള്‍ സോഷ്യല്‍ സൈറ്റുകളില്‍ ഒതുങ്ങാതെ , ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്കു ഒരു പകര്‍ച്ച വ്യധിയെന്നോണം പടര്‍ന്നു പിടിച്ചിരുന്നു. വായിച്ചു മടുത്തെന്ന പരിഭവവും, വിഷയ ദാരിദ്ര്യമാണോ എന്ന ചോദ്യവും കമ്മന്റ് ബോക്സില്‍ നിറഞ്ഞെങ്കിലും ഒരു നേര്‍ച്ചയെന്ന പോലെ പലരും പിന്നെയും പിന്നെയും എഴുതി. മുല്ലപെരിയാര്‍ ഇനി ഇപ്പോഴേ പോട്ടില്ലെന്നു കോടതി പറഞ്ഞപ്പോള്‍, മുല്ലപെരിയാരിനെ മറക്കല്ലെയെന്നും പറഞ്ഞായി പോസ്റ്റുകള്‍. ഈ നിലവിളികള്‍ക്കു വല്യ ആയുസ്സോന്നും ഉണ്ടായില്ലെങ്കിലും തൊട്ടു പിന്നാലെ എത്തി മുടി വിവാദം. മുല്ലപെരിയാര്‍ പോലെ തന്നെ മുടിയും പല ബ്ലോഗ്ഗിലും പറന്നു നടന്നെങ്കിലും , ഇതൊക്കെ വായിക്കുമ്പോള്‍ ഒരു സമാധാനമുണ്ടായിരുന്നു. പൊതുവായ കാര്യങ്ങളാണല്ലോ ഇതൊക്കെ എന്ന സമാധാനം. എന്നാല്‍ പുതു വര്‍ഷത്തിന്റെ തുടക്കം മുതല്‍ ബ്ലോഗ്ഗുകളില്‍ കണ്ടു വരുന്ന ഒരു പകര്‍ച്ച വ്യാധിയാണ് ഈ ബ്ലോഗ്ഗെഴുതാന്‍ പ്രേരിപ്പിച്ചത്.   
     എന്റെ പൊട്ടത്തരങ്ങള്‍ എന്ന ബ്ലോഗ്ഗെഴുതുന്ന അനാമികയിലാണു ഈ അസുഖം ആദ്യം കണ്ടത്. ബന്ധു വീട്ടില്‍ പോയപ്പോള്‍ വയറിളക്കം പിടിച്ച കഥ പൊടിപ്പും തൊങ്ങലും വച്ചു നോട്ടീസടിച്ചപ്പോള്‍ ആരാധകര്‍ അതുവരെയില്ലാത്ത ആവേശത്തോടെ തള്ളികയറി. ഒരുപാടു നല്ല രചനകള്‍ ആ ബ്ലോഗ്ഗില്‍ ഉണ്ടെങ്കിലും അതിനൊന്നും കിട്ടാത്ത വായനക്കാരും, പ്രോത്സാഹനവുമായിരുന്നു ഈ വയറിളക്കത്തിന് കിട്ടിയത്.



രസിപ്പിച്ചു, ചിരിപ്പിച്ചു, ഞെട്ടിച്ചു... എന്തൊക്കെയാ... ! ഇവരെയൊക്കെ രസിപ്പിക്കാന്‍ മാത്രം ഇതിലെന്താണുള്ളതെന്നു ചിന്തിച്ചു നില്‍ക്കുമ്പോഴാണ് ചിലരുടെ പ്രതികരണം എന്റെ കണ്ണു തള്ളിച്ചത്. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന പോലെ ചിലര്‍. ഇങ്ങനെ എഴുതുന്നവരെ പറഞ്ഞു തിരുത്തിക്കേണ്ടവര്‍ തന്നെ ഇങ്ങനെ ചെയ്യുമ്പോള്‍ പിന്നെ എന്ത് പറയാന്‍. നീ കൂതറയാണെങ്കില്‍ ഞങ്ങള്‍ കുക്കൂതറയാണെന്ന മട്ടില്‍ തുള്ളാന്‍ ചിലര്‍... !.. 





നര്‍മ്മമെന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണെന്നു തോന്നി മുഹിയിദ്ധീന്റെയൊക്കെ ചില പോസ്റ്റ്‌ വായിച്ചപ്പോള്‍.. പല ബ്ലോഗ്ഗിലും അത്തരത്തിലുള്ള കമ്മന്റ്സും കണ്ടു ആ സുഹൃത്തിന്റെതായിട്ടു... പലരും നാണക്കേട്‌ കൊണ്ടു ഡിലീറ്റ് ചെയ്തെന്നതും സത്യം.....! പഠിച്ചതല്ലേ പാടൂ എന്നു ആരെങ്കിലും കരുതിയാല്‍... അവരെ പറയാന്‍ പറ്റുമോ...?  താങ്കളുടെ എഴുത്തിലൂടെ താങ്കള്‍ വെളിപ്പെടുത്തുന്നതു താങ്കളുടെ അഭിപ്രായമാണ്.. അതിലൂടെ താങ്കളുടെ വ്യക്തിത്വവും.. ഓര്‍ത്താല്‍ നന്ന്... ഇല്ലെങ്കില്‍ അത്തരം കമ്മന്റ് പ്രസിദ്ധീകരിക്കേണ്ടി വരുന്ന ബ്ലോഗ്ഗറെ കുറിച്ചെങ്കിലും ആലോചിക്കുക... !



അനോണിയായിട്ടു വന്ന സുഹൃത്തിനു പോലും പോസ്റ്റിനെ കുറിച്ചു പരാതിയില്ല. പരാതി മറ്റു ചിലതിനെ കുറിച്ചാണ്‌. അവന്‍ ഗോളടിച്ചതെന്തായാലും ഈ ബ്ലോഗ്ഗിലെക്കല്ലെന്നതുറപ്പാണ്‌. അതെന്തായാലും എന്റെ വിഷയമല്ല... പക്ഷെ അനോണി ഒരു കാര്യം പറഞ്ഞു, നാലു കമ്മന്റ് കിട്ടാന്‍ എന്തു എച്ചിതരവും കാണിക്കുന്നവരുണ്ടെന്നു. അതു ഈ പോസ്റ്റിനും ബാധകമാണെന്നോര്‍ത്താല്‍ നന്ന്.  എന്നാലും ആ അനോണിക്ക് കൊടുക്കേണ്ട മരുന്ന് വരെ ചില ബൂലോക ഡോക്ടര്‍മാര്‍ ഈ പോസ്റ്റില്‍ നിന്ന് കണ്ടു പിടിച്ചു.... കാലം പോയ പോക്കെ..


ഈ കമ്മന്റ് വായിച്ചിട്ടാണ് എനിക്കു ചിരി വന്നത്.. കിടിലന്‍ പോസ്റ്റെന്നു ഷാജിക്ക് തോന്നിയത് കൊണ്ടാണോ, ഇതിനു ലഭിക്കുന്ന ജനപിന്തുണയുടെ അടിസ്ഥാനത്തിലാണോ, മറ്റു വല്ലതും കൊണ്ടാണോ എന്നറിയില്ല.. ഈയടുത്ത കാലത്തു നമ്മുടെ ഷാജിയും പോസ്റ്റി ഒന്ന്.. ഹാജിയാരുടെ പിഴ എന്ന പേരില്‍.. മൂക്ക് പൊത്തി മാത്രം വായിക്കാന്‍ പറ്റിയ ഒന്ന്. പ്രിയ സുഹൃത്തെ ഇതു വായിച്ചപ്പോള്‍ തോന്നിയത് , വായിക്കേണ്ടി വന്നത് എന്റെ പിഴ എന്നാണു. പക്ഷെ സത്യത്തില്‍ ഇതു ഷാജിയുടെ പിഴയാണ്... അല്ലെങ്കില്‍ ഇത്തരം ഒരു പോസ്റ്റ്‌ ഇടുമായിരുന്നില്ല. mayflowers പറഞ്ഞതു കാണുക.. !!
പിന്നെ  ഇവിടെ പറഞ്ഞ തന്റേടം ...  അമ്മച്ചിയാണേ... നമിച്ചിരിക്കുന്നു... നിങ്ങളെയും ആ തന്റെടത്തെയും....!














ഹോ... ഭയങ്കരന്മാര്‍... എന്തോരം സൂത്രങ്ങളാ കണ്ടു പിടിച്ചിരിക്കുന്നെന്നു നോക്കിയേ. നമ്മുടെ പ്രധിരോധ വകുപ്പിനു വരെ ഉപകാരപെട്ടെക്കാവുന്ന നിര്‍ദേശങ്ങള്‍..! ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ലോകത്തു നടന്ന പല യുദ്ധങ്ങളും പറഞ്ഞു ചിരിക്കാനുള്ള ഒരു തമാശ മാത്രമാകുമായിരുന്നല്ലോ...! ഇതൊക്കെ കണ്ടാല്‍ ചിലപ്പോള്‍ ന്യൂട്ടന്‍ കുഴിയില്‍ നിന്നെഴുന്നേറ്റു വന്നു ഇവരെ തല്ലും..! 
കഷ്ടം... മക്കളെ...  നിങ്ങള്‍ എഴുതി വച്ചതൊക്കെ ഒന്നു വായിച്ചു നോക്കിയേ... അറ്റ്‌ ലീസ്റ്റ് നാലാളു വായിക്കുന്ന ബ്ലോഗ്ഗര്മാരല്ലേ നിങ്ങളും..  മുതിര കലക്കി തരേണ്ടത്‌ നിങ്ങള്‍കൊക്കെ തന്നെയല്ലേ...  ?



ഇങ്ങനെയൊരു പറ്റു പറ്റിയതു കൊണ്ടാണോ, ഇവിടുത്തെ വന്‍ ഭക്തജനപ്രവാഹം കണ്ടിട്ടാണോ എന്നറിയില്ല.. ഈ രണ്ടുപേരും തട്ടി കൂട്ടി ഓരോ വയറിളക്കി പോസ്റ്റുകള്‍.. അതില്‍ വേണുഗോപാല്‍ സര്‍ മാന്യമായ ഭാഷയില്‍ നര്‍മ്മത്തില്‍ പോതിഞ്ഞവതരിപ്പിച്ചത് കൊണ്ടു സംഗതി വശളത്തരമായില്ല. അതു കൊണ്ടു തന്നെ തൂപ്പുകാരിയുടെ കൊട്ടയിലെ മാണിക്യമാണ് ആ പോസ്റ്റ്‌.. എന്നാല്‍ ഓരോ പ്രാവശ്യവും വയറിളകിയതിന്റെ സമയവും രീതിയും സന്ദര്‍ഭവും വരെ വിവരിക്കുന്ന  മേരിപെണ്ണിന്റെ പോസ്റ്റ്‌ അണ്‍ സഹിക്കബിള്‍ ആണെന്നു പറയാതെ വയ്യ..







സന്ദീപിന്റെ ഈ കമ്മന്റ് ഇവിടെ പ്രസിദ്ധീകരിക്കാന്‍ തന്നെ അറപ്പായിരുന്നു. ഒരുപാടു ആലോചിച്ച ശേഷമാണു തൂപ്പുകാരിക്കു അറപ്പു പാടില്ലെന്ന തീരുമാനത്തിലെത്തിയത്. ഒരുപാടു നല്ല രചനകള്‍, അതിലേറെ വായന.. ഇതൊക്കെയുള്ള താങ്കളെ പോലെയുള്ള ഒരാള്‍ നല്‍കേണ്ട അഭിപ്രായമാണോ ഇത്.. ഇതൊരു പബ്ലിക് ബ്ലോഗ്ഗ് ആണെന്നും തനിക്കു ശേഷവും ഇവിടെ പലരും വന്നു വായിക്കുമെന്നും ഓര്‍ത്തിരുന്നെങ്കില്‍..? അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ ആരെങ്കിലും ഇങ്ങനെ ഒരു കമ്മന്റ് ഇട്ടിരുന്നെങ്കില്‍..? സുഹൃത്തെ.. തീവണ്ടിയിലെ ചുമരാണെന്ന് കരുതിയാണോ താങ്കള്‍ ഇതെഴുതിയത്... ? എന്തായാലും ഒരു കാര്യം പറയാം... തെണ്ടി പിള്ളേരുപോലും പറയാന്‍ മടിക്കുന്ന ഭാഷയാണിത്‌... അതു കൊണ്ട് തന്നെ തൂപ്പുകാരിയുടെ കൊട്ടയിലെ ചീഞ്ഞു നാറുന്ന മാലിന്യം ഇതാണ്..

ഈ ചിരി കൊല ചിരിയാണെന്നു പറയാതെ വയ്യ. ഈ ചിരി എഴുത്തുകാരിയെ വളര്‍ത്തുകയില്ലെന്നു മാത്രമല്ല, തളര്‍ത്തുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. നര്‍മ്മം പോലും ..ഇത് നര്‍മമല്ല, കര്‍മമാണ്.. വായനക്കാരന്റെ അടിയന്തിര കര്‍മ്മം.. കണ്ടു പഠിക്കാന്‍ ഒരുപദേശവും...!!ഒരു കാര്യം ചോതിച്ചോട്ടെ...  നിങ്ങള്‍ സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമോ ഇങ്ങനെ വയറിളക്കത്തെ വര്‍ണിച്ചു കഥയും കവിതയും എഴുതാന്‍.. ? 







നൂറോളം പേര്‍ വായിച്ചപ്പോള്‍ നാലു പേര്‍ക്കെങ്കിലും ഇങ്ങനെ പറയാന്‍ തോന്നിയതില്‍ സന്തോഷമുണ്ട്. കലക്കന്‍, സൂപ്പര്‍ എന്നൊക്കെ പറഞ്ഞു എന്തു ചവര്‍ എഴുതുന്നവനെയും പൊക്കി പുരപ്പുറത്തിരുത്തുന്നവര്‍ക്കിടയില്‍, വായിച്ചപ്പോള്‍ തനിക്കു തോന്നിയതു സത്യമായി എഴുതുന്ന വിരലിലെണ്ണാവുന്നവര്‍...! തുറന്നു പറഞ്ഞാല്‍ സദാചാര പോലീസെന്ന പേരു കിട്ടുന്നതു കൊണ്ടാണോ... തിരിച്ചും പുറം ചോറിയാനുള്ളതു കൊണ്ടാണോ എന്നറിയില്ല, ഇതില്‍ തന്നെ ചിലരുടെ നട്ടെല്ല് ശരിക്കങ്ങു നീരുന്നില്ല. വ്യത്യസ്തനായത് പൈമ മാത്രം. അതാണ്‌ അതിന്റെ ശരി. കക്കൂസ് സാഹിത്യം... ബ്ലോഗ്ഗെഴുത്തിനെ കക്കൂസ് സാഹിത്യത്തോടുപമിച്ച മഹാമാനസ്സുകളെ... അഭിനന്ദനങ്ങള്‍..... 





സുഹൃത്തെ.. ഇത്തരം ഒരു പോസ്റ്റ്‌ വായിക്കാന്‍ തരുന്നതിലും നല്ലത് ഒരു മഹായുദ്ധം തന്നെയായിരുന്നു. 2008 ല്‍ ബ്ലോഗിങ്ങ് തുടങ്ങിയ താങ്കള്‍,  ഇന്ന് ബ്ലോഗ്ഗില്‍ സജീവമായിട്ടുള്ളവരില്‍ സീനിയര്‍ ബ്ലോഗ്ഗര്‍ എന്നു വിശേഷിപ്പിക്കാന്‍ അര്‍ഹയായ ഒരാളാണു. പഴയ പോസ്റ്റുകളില്‍ നിലവാരമുള്ള ഒരുപാടു രചനകള്‍ ഉണ്ടെന്നതും സത്യമാണ്. എഴുതി എഴുതി മുന്നോട്ടു പോകുന്നതിനു പകരം ഇത്തരം സാഹിത്യവുമായി വന്നു വായനക്കാരനെ കക്കൂസില്‍ ഇരുത്തുന്നത്‌ ശരിയാണോ..? നിങ്ങള്‍ തന്നെ ഇടക്കൊന്നാലോചിച്ചു നോക്കുക. നിങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം.. കുറ്റപ്പെടുത്തെണ്ടത് ഇതിനൊക്കെ വളം വച്ചു തരുന്ന മൂരാച്ചികളെയാണെന്നുമറിയാം...

മോന്തായം വളഞ്ഞാല്‍ പിന്നെ ബാക്കിയുള്ളവരെ പറഞ്ഞിട്ടെന്തു കാര്യം...ല്ലേ.. വടിയെടുത്തു പിന്നാലെ ചെന്നു തിരുത്തി കൊടുക്കേണ്ടവര്‍ തന്നെ ഇങ്ങനെയാണു പ്രതികരിച്ചത്. നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ വയറിളക്കം മാത്രമല്ല, വൈകാതെ തന്നെ പ്രസവവും, പേറെടുക്കലും വരെ ബ്ലോഗ്ഗില്‍ വായിക്കാന്‍ കഴിഞ്ഞേക്കും. പ്രൊഫൈലില്‍ പെണ്ണിന്റെ പേരു വച്ചു എന്തു കണ്ടാലും മൂക്കും കുത്തി വീഴുന്ന ചിലര്‍ അതു ഹിറ്റാക്കി കയ്യില്‍ കൊടുക്കുകയും ചെയ്യും.


ബ്ലോഗ്ഗെഴുത്തിനെ മോശമായി ചിത്രീകരിച്ചെന്നും പറഞ്ഞു എന്തൊക്കെ പുകിലുകളാണ് ഭൂലോകത്തുണ്ടായത്. അവരെയാണോ പറയേണ്ടതു അല്ല ഇത്തരം ബ്ലോഗ്ഗെര്‍മാരെയാണോ...? പലര്‍ക്കും അറിയുന്നതു പോലെ ബ്ലോഗ്ഗിലെ 90 % വായനക്കാരും ബ്ലോഗ്ഗ് എഴുതുന്നവര്‍ തന്നയാണ്. അതു കൊണ്ടു തന്നെ ബ്ലോഗ്ഗിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം നമ്മുടെ കയ്യില്‍ തന്നെയാണ്. വായനക്കാരില്‍ തന്നെ ഭൂരിഭാഗവും പല നാടുകളില്‍ കഴിയുന്നവരായതു കൊണ്ടു പുസ്തക വായനയെക്കാള്‍ പലര്‍ക്കും സാധ്യമാകുന്നതു ബ്ലോഗ്ഗ് വായനയാണ്. ബ്ലോഗ്ഗിനു പുറത്തുള്ള വായനക്കാരെ വരെ ബ്ലോഗ്ഗില്‍ എത്തിക്കാന്‍ കഴിയുന്ന ചില അപൂര്‍വ്വം എഴുത്തുകാര്‍ ഉണ്ടെങ്കിലും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വ്യാപകമായി കാണുന്ന ഇത്തരം പരസ്പരം സുഖിപ്പിക്കല്‍ പ്രവണത കൊണ്ടു നശിക്കുന്നതു ബ്ലോഗിങ്ങ് തന്നെയാണ്. അതിനെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അതു അവന്റെ ബ്ലോഗ്ഗില്‍ ആളു കയറാത്തതിലുള്ള അരിശമാണ്, മറ്റുള്ളവരോടുള്ള അസൂയയാണ് എന്നൊക്കെ പറയുന്നതു അവനവനോടു തന്നെ ചെയ്യുന്ന ചതിയാണ്. മൂക്കൊലിച്ചതും, വയറിളകിയതും എഴുതി വിടുന്നതിനു മുന്‍പു ഞങ്ങളെ പോലെയുള്ള വായനക്കാരെ കൂടി ഓര്‍ക്കുക..   ഇവിടെ പറഞ്ഞതിനേക്കാള്‍ മോശം പോസ്റ്റുകള്‍ വരെ ബൂലോകത്തുണ്ട്. അതു കൊണ്ടു തന്നെ ബ്ലോഗ്ഗിങ്ങിനെ കക്കൂസ് സാഹിത്യത്തോടുപമിച്ചതില്‍ തൂപ്പുകാരിക്കു യാതൊരു പരാതിയുമില്ല.. !

മുതിര ദുരന്തത്തിന്റെ ഓര്‍മക്കല്ല... അന്ത്യ ശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന ബ്ലോഗ്ഗിങ്ങിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു...!!

*******************************************************************************************


മുന്നറിയിപ്പ് 
1 ) ആരെയും വ്യക്തി പരമായി ആക്രമിക്കാനോ നശിപ്പിക്കാനോ അല്ല ഈ പോസ്റ്റ്‌. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ സ്വന്തം ബ്ലോഗ്ഗില്‍ പോയി നോക്കുക.അപ്പൊ കാര്യം മനസിലാകും..
2 )ഞാന്‍ അനോണിയാണെന്നു പറയുന്നവരോട്, ഞാന്‍ മാത്രമല്ല എന്റെ കൂടെ കുറെ പേരുണ്ട്.. നാടും വീടും വിട്ടു ജോലി ആയതിനാല്‍, വായന ബ്ലോഗ്ഗില്‍ മാത്രം ഒതുക്കേണ്ടി വന്ന ചിലര്‍..! മുകളില്‍ പറഞ്ഞ പോസ്റ്റുകള്‍ വായിക്കേണ്ടി വന്നവര്‍...!  ഞങ്ങളുടെ വേദനയാണ് ഇവിടെ പങ്കു വച്ചത്. പരിഗണിക്കുക.
3 )ഈ ബ്ലോഗ്ഗില്‍ ആര്‍ക്കുമെഴുതാം, തൂപ്പുകാരിയുടെ കൊട്ടയില്ലെക്കെറിയേണ്ട പോസ്റ്റുകള്‍ ചൂണ്ടി കാണിക്കാം, എഴുതി അയക്കാം.. ( wastebaasket @gmail .com ). 
4 )സ്വന്തം പേരില്‍ എഴുതാന്‍ ആഗ്രഹമുണ്ട്, പക്ഷെ അതു പല ബന്ധങ്ങളും തകര്‍ക്കുമെന്നു ഭയക്കുന്നു. മെയിലില്‍ ആക്രമിച്ചു അടുത്ത പോസ്റ്റിനു വകുപ്പുണ്ടാക്കരുത്.